ബൈബിൾ പ്രവചിച്ച പ്രവാചകൻ..!

മഹാനായ കഅബ് റ. സംസാരിക്കുന്ന ഒരു ഹദീസിൽ തൗറാതിൽ തിരുനബി സ്വയെ കുറിച്ചുള്ള പരാമർശങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്: “മുഹമ്മദ് സ്വ.യെ പറ്റി അല്ലാഹു പറഞ്ഞു: ഇതാ, ഞാൻ ഏറ്റെടുത്ത എന്റെ ദാസൻ, എന്റെ തെരഞ്ഞെടുക്കപ്പെട്ടവൻ. അവിടുന്ന് നിർദ്ദയനല്ല. പരുഷസ്വഭാവിയല്ല. തെരുവീഥികളിൽ ഒച്ചയുണ്ടാക്കുന്നവനല്ല. തിൻമക്ക് തിൻമയാലേ പ്രതികരിക്കുന്നവനല്ല. പ്രത്യുത, മാപ്പേകുന്നു, വിട്ടുവീഴ്ച ചെയ്യുന്നു.”

( عبدي المتوكل المختار ليس بفظ ولا غليظ ولا صخاب في الأسواق ولا يجزي بالسيئة السيئة ولكن يعفو ويصفح.).

വ്യത്യസ്ത കൈവഴികളിലൂടെ ഇമാം ബൈഹഖി ഉൾപ്പടെ അനേകം പേർ നിവേദനം ചെയ്തതാണ് ഈ ഹദീസ്. പൂർവ വേദങ്ങളിൽ വിദ്വാനായിരുന്ന സ്വഹാബിയായ അബ്ദുല്ലാഹി ബ്നു അംറി ബ്നിൽ ആസ്വ് റ.വിനെ കണ്ടപ്പോൾ തൗറാതിൽ തിരുനബി സ്വ. യെ കുറിച്ചു പറഞ്ഞിട്ടുള്ള വിശേഷണങ്ങളെ പറ്റി അത്വാഉ ബ്നു യസാർ റ. ആരായുകയുണ്ടായി. അദ്ദേഹം നൽകിയ വിശ്രുതവും സുദീർഘവുമായ മറുപടിയിലും ഇക്കാര്യങ്ങളത്രയും പരാമർശിച്ചിട്ടുണ്ട്. അതിന്റെ അവസാനത്തിൽ ഇങ്ങനെ കൂടി പറയുന്നു: ഏറ്റവും തലതിരിഞ്ഞ ജനത ‘അല്ലാഹുവല്ലാതെ യാതൊരാളും ആരാധ്യനായി ഇല്ല’ എന്നു പറഞ്ഞു കൊണ്ടു നേർമാർഗം പ്രാപിക്കുവോളം  അല്ലാഹു അവിടുത്തെ പ്രാണനെ പിടിക്കുകയില്ല. ആ വാചകം നിമിത്തം അവിടുന്ന് കുരുട്ടു കണ്ണുകളെ തുറക്കും. ബധിരമായ കാതുകളും അടഞ്ഞ ഹൃദയങ്ങളും തുറക്കും.”

(ولن يقبضه الله حتى يقيم به الملة العوجاء بأن يقولوا: لا إله إلا الله ويفتح بها أعينًا عميًا وأذانًا صمًا وقلوبًا غلفًا).

ഇനി ബൈബിൾ പഴയ നിയമത്തിലെ യെശയ്യാ പുസ്തകം 42-ാം അധ്യായത്തിന്റെ ആരംഭം വായിക്കാം.

1. הֵ֤ן עַבְדִּי֙ אֶתְמָךְ־בֹּ֔ו בְּחִירִ֖י רָצְתָ֣ה נַפְשִׁ֑י נָתַ֤תִּי רוּחִי֙ עָלָ֔יו מִשְׁפָּ֖ט לַגֹּויִ֥ם יֹוצִֽיא:

ഇതാ, ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍. ഞാന്‍ തെരഞ്ഞെടുത്ത എന്റെ പ്രീതിപാത്രം. ഞാന്‍ എന്റെ ആത്മാവിനെ അവനു നല്‍കി; അവന്‍ ജനതകള്‍ക്കു നീതി പ്രദാനം ചെയ്യും.

2. לֹ֥א יִצְעַ֖ק וְלֹ֣א יִשָּׂ֑א וְלֹֽא־יַשְׁמִ֥יעַ בַּח֖וּץ קֹולֹֽו׃

അവൻ നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയിൽ തന്റെ ശബ്ദം കേൾപ്പിക്കയുമില്ല.

3. קָנֶ֤ה רָצוּץ֙ לֹ֣א יִשְׁבֹּ֔ור וּפִשְׁתָּ֥ה כֵהָ֖ה לֹ֣א יְכַבֶּ֑נָּה לֶאֱמֶ֖ת יֹוצִ֥יא מִשְׁפָּֽט׃

ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; മങ്ങിയ തിരി കെടുത്തുകളകയില്ല; അവന്‍ വിശ്വസ്തതയോടെ നീതി പുലര്‍ത്തും.

4. לֹ֤א יִכְהֶה֙ וְלֹ֣א יָר֔וּץ עַד־יָשִׂ֥ים בָּאָ֖רֶץ מִשְׁפָּ֑ט וּלְתֹורָתֹ֖ו אִיִּ֥ים יְיַחֵֽילוּ׃

ഭൂമിയിൽ നീതി സ്ഥാപിക്കുംവരെ അവൻ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ  നിയമത്തിനായി ദ്വീപുകൾ കാത്തിരിക്കുന്നു.

5. כֹּֽה־אָמַ֞ר הָאֵ֣ל ׀ יְהוָ֗ה בֹּורֵ֤א הַשָּׁמַ֙יִם֙ וְנֹ֣וטֵיהֶ֔ם רֹקַ֥ע הָאָ֖רֶץ וְצֶאֱצָאֶ֑יהָ נֹתֵ֤ן נְשָׁמָה֙ לָעָ֣ם עָלֶ֔יהָ וְר֖וּחַ לַהֹלְכִ֥ים בָּֽהּ׃

ആകാശത്തെ സൃഷ്ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ജീവനും അതിൽ ചരിക്കുന്നവര്‍ക്കു പ്രാണനെയും കൊടുക്കയും ചെയ്ത ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

6. אֲנִ֧י יְהוָ֛ה קְרָאתִ֥יךָֽ בְצֶ֖דֶק וְאַחְזֵ֣ק בְּיָדֶ֑ךָ וְאֶצָּרְךָ֗ וְאֶתֶּנְךָ֛ לִבְרִ֥ית עָ֖ם לְאֹ֥ור גֹּויִֽם:

ഞാൻ, യഹോവ, ഞാന്‍ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു. ഞാന്‍ നിന്നെ കൈയ്ക്കു പിടിച്ചു നടത്തി നിന്നെ കാക്കും; നിന്നെ ജനത്തിന് നിയമവും ജനതകള്‍ക്കു പ്രകാശവുമായി നല്‍കുകയും ചെയ്തിരിക്കുന്നു;

7. לִפְקֹ֖חַ עֵינַ֣יִם עִוְרֹ֑ות לְהֹוצִ֤יא מִמַּסְגֵּר֙ אַסִּ֔יר מִבֵּ֥ית כֶּ֖לֶא יֹ֥שְׁבֵי חֹֽשֶׁךְ׃

കുരുട്ടുകണ്ണുകളെ തുറപ്പാനും തടവുകാരെ കാരാഗൃഹത്തില്‍ നിന്നും അന്ധകാരത്തിലിരിക്കുന്നവരെ ഇരുട്ടറയില്‍ നിന്നും മോചിപ്പിക്കുന്നതിനും വേണ്ടി.

ശ്വാസം അടക്കിപ്പിടിച്ചുകൊണ്ടല്ലാതെ സത്യവിശ്വാസികൾക്ക് ഈ വരികളിലൂടെ സഞ്ചരിക്കുവാൻ സാധിക്കുകയില്ല. ഓരോ വരികളും മനുഷ്യാനുഭവ ചരിത്രം മുന്നിൽ വെച്ച് നമ്മോടു പറയും ആരാണ് യഹോവ താങ്ങുന്ന / ഏറ്റെടുത്തിരിക്കുന്ന ദാസൻ എന്ന്. ആരാണ് പ്രതിസന്ധികൾക്ക് മുന്നിൽ അടിപതറാതെ, പ്രകോപനങ്ങളിലും പ്രലോഭനങ്ങളിലും വീഴാതെ, ബഹിഷ്കരണങ്ങളിലും ഉപരോധങ്ങളിലും തളരാതെ, യുദ്ധങ്ങളിലും സമരങ്ങളിലും അധൈര്യപ്പെടാതെ, തന്റെ കയ്യാൽ നീതി സമ്പൂർണമായി സ്ഥാപിക്കപ്പെടുന്നതു വരെ ജനത്തിന് നിയമവും ജനതകള്‍ക്കു പ്രകാശവുമായി നിലകൊണ്ടതെന്ന്.
ആരെയാണ് കല്ലെറിഞ്ഞു കൊല്ലാൻ വിടാതെ, ഈർച്ചവാൾകൊണ്ടു രണ്ടായി പകുത്തെടുത്തു വധിക്കപ്പെടാൻ ഇടയാക്കാതെ, കഴുത്തറുത്തെടുത്തു താലത്തിൽ വെച്ചാസ്വദിക്കാൻ അനുവദിക്കാതെ, വളഞ്ഞിട്ടു പിടിച്ചു ക്രൂശിച്ചു കൊല്ലാനയക്കാതെ, ബഹിഷ്കരിക്കുകയും യുദ്ധത്തിനു വരുകയും ചെയ്ത ഏറ്റവും തലതിരിഞ്ഞ ജനതയെ കൊണ്ടു പോലും താൻ ഉയർത്തിപ്പിടിച്ച വിശ്വാസ പ്രഖ്യാപനം ഏറ്റുപറയുന്നതു വരെ കൈയ്ക്കു പിടിച്ചു നടത്തി യഹോവ കാത്തു സംരക്ഷിച്ചതെന്ന് – സ്വല്ലല്ലാഹു അലയ്ഹി വസല്ലം. അതത്രെ വിശുദ്ധ ഖുർആൻ പറഞ്ഞത്:
“നാം വേദം നല്‍കിയ ജനത്തിന് തങ്ങളുടെ മക്കളെ അറിയുന്നപോലെ തിരുനബിയെ അറിയാം. എന്നിട്ടും അവരിലൊരു കൂട്ടര്‍ അറിഞ്ഞുകൊണ്ടുതന്നെ സത്യം മറച്ചുവെക്കുകയാണ്”(അൽ ബഖറ 146)

(الَّذِينَ آتَيْنَاهُمُ الْكِتَابَ يَعْرِفُونَهُ كَمَا يَعْرِفُونَ أَبْنَاءَهُمْ ۖ وَإِنَّ فَرِيقًا مِنْهُمْ لَيَكْتُمُونَ الْحَقَّ وَهُمْ يَعْلَمُونَ).

“നാം വേദം നല്‍കിയവരോ, സ്വന്തം മക്കളെ അറിയും പോലെ അവര്‍ക്ക് ഇതറിയാം. എന്നാല്‍ സ്വയം നഷ്ടം വരുത്തിവെച്ചവര്‍ വിശ്വസിക്കുകയേയില്ല”(അൽ അൻആം 20).

(الَّذِينَ آتَيْنَاهُمُ الْكِتَابَ يَعْرِفُونَهُ كَمَا يَعْرِفُونَ أَبْنَاءَهُمُ ۘ الَّذِينَ خَسِرُوا أَنْفُسَهُمْ فَهُمْ لَا يُؤْمِنُونَ)

യെശയ്യാ പുസ്തകം വായിക്കുമ്പോഴെല്ലാം തോന്നിയിട്ടുള്ളതാണ് ഇതു മുഴുവൻ മുഹമ്മദ് നബി സ്വ.യുടെ ജീവിതത്തെ അപ്പാടെ ആവിഷ്കരിക്കുന്നതാണ് എന്ന്. നമുക്കു സുപരിചിതനായ അശ്ഇയാഅ’ അ. മില്ലേ; ‘വബിൽ അസ്മാഇ ല്ലതീ ദആക ബിഹാ അശ്ഇയാഉ അ…’ – അദ്ദേഹമാണീ യെശയ്യാ. ഈ പുസ്തകത്തിന്റെ കർത്താവ് യെശയ്യാ ആണെന്ന് വിശ്വസിക്കപ്പെടുന്നു (ഇക്കാര്യത്തിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്; രചയിതാവ് ആരാണെന്ന് അറിയപ്പെട്ടിട്ടില്ല എന്നു ഒരു കൂട്ടർ).

യെശയ്യാ അന്ത്യദൂതരെ പരിചയപ്പെടുത്തുന്നു എന്നു പറയുന്നതിൽ പല പ്രത്യേകതകളുമുണ്ട്. ഏറ്റവും പ്രധാനം അതു ബൈബിൾ മൊത്തത്തിൽ ഒരു കാര്യത്തെ കുറിച്ചു സംസാരിച്ച മാതിരിയാണ് എന്നതത്രെ. കാരണം, ബൈബിളിനുള്ളിലെ മറ്റൊരു ബൈബിൾ എന്ന വിശേഷണം നൽകപ്പെട്ടിട്ടുള്ള പുസ്തകമാണ് യെശയ്യായുടെ പുസ്തകം ( ספר ישעיהו).  പൊതുവായി അംഗീകരിക്കപ്പെടുന്ന ബൈബിളിൽ 66 പുസ്തകങ്ങളാണ് ഉള്ളത് ( ഇക്കാര്യത്തിലും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്). തഥൈവ, യെശയ്യാ പുസ്തകത്തിൽ 66 അധ്യായങ്ങളാണ് ഉള്ളത്. അതുപോലെ മൊത്തം പുസ്തകങ്ങളെ പഴയ നിയമം 39 ഉം പുതിയ നിയമം 27 ഉം എന്നായി വിഭജിക്കുന്നതു പോലെയുള്ള ഒരധ്യായ വിഭജനവും യെശയ്യായിലുണ്ട്. പ്രഥമ ഭാഗത്തു വരുന്ന 39 അധ്യായങ്ങൾ വിഗ്രഹ പൂജകരും അധാർമികരുമായ ജനങ്ങൾക്കു സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. 40 – 66 അധ്യായങ്ങളിൽ വരാൻ പോകുന്ന പ്രവാചക യുഗത്തെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ എന്നു കരുതാവുന്ന കാവ്യാത്മക പ്രതിപാദ്യങ്ങൾ കൊണ്ടു സമ്പന്നമാണ്. യേശുവും സ്നാപക യോഹന്നാനും തങ്ങളുടെ പ്രബോധന ജീവിതത്തിൽ യെശയ്യാ പുസ്തകത്തെ ഒരു പാഠപുസ്തകം പോലെ ഉപയോഗപ്പെടുത്തിയിരുന്നു എന്നാണ് ബൈബിൾ പറയുന്നത്. യെശയ്യാ പുസ്തകത്തിലെ 40-ാം അധ്യായം മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദത്തോടെ ആരംഭിക്കുന്നു! തുടർന്നങ്ങോട്ട് സംഭവബഹുലമായ വർണനകളാണ്. 53-ാം അധ്യായത്തിൽ പീഡിതനും പരിത്യക്തനുമായി സ്വന്തം നാട്ടിൽ നിന്ന് പുറന്തള്ളപ്പെട്ട ഒരു മനുഷ്യന്റെ ചിത്രം നമുക്ക് തരുന്നു. തിരുനബി സ്വ.യുടെ ജീവിതത്തോട് ഈ അധ്യായങ്ങൾ പുലർത്തുന്ന ബന്ധം അതിശയിപ്പിക്കുന്നതാണ്. അധാർമികരും വിഗ്രഹപൂജകരുമായിരുന്നു അവിടുത്തെ ജനത. 40-ാം വയസിലാണ് അവിടുത്തേക്ക് പ്രവാചകത്വം ലഭിച്ചതും മരുഭൂമിയിൽ വിളിച്ചു പറയുന്നവനായി അവർക്കിടയിൽ രംഗപ്രവേശം ചെയ്തതും. 53-ാം വയസിൽ സ്വന്തം ദേശം പരിത്യജിച്ച് പലായനം ചെയ്യേണ്ടി വന്നു. ഈ സമാനതകൾ കേവലം യാദൃശ്ചികതയാണോ?! ഒരിക്കൽ കൂടെ വിശുദ്ധ ഖുർആൻ ഉദ്ധരിക്കട്ടെ! “നാം വേദം നല്‍കിയവർക്ക് സ്വന്തം മക്കളെ അറിയും പോലെ ഇതറിയാം. എന്നാല്‍ സ്വയം നഷ്ടം വരുത്തിവെച്ചവര്‍ വിശ്വസിക്കുകയേയില്ല” (അൽ അൻആം 20).

തികഞ്ഞ ഏക ദൈവത്വമാണ് യെശയ്യാ പുസ്തകം പഠിപ്പിക്കുന്നത്:

אֲנִ֤י רִאשֹׁון֙ וַאֲנִ֣י אַחֲרֹ֔ון וּמִבַּלְעָדַ֖י אֵ֥ין אֱלֹהִֽים

ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല ( യെശയ്യാ 44:6). വിചിത്രമെന്ന് പറയട്ടെ, പച്ചമനുഷ്യനായ യേശുവിനെ ദൈവമാണെന്നു ചിത്രീകരിക്കാനായി യെശയ്യായിലെ പ്രവചനങ്ങളെ വളച്ചൊടിക്കുകയാണ് ക്രൈസ്തവത ചെയ്തു കൊണ്ടിരിക്കുന്നത്. നിലമ്പൂർ സംവാദത്തിൽ ‘അവൻ വീരനാം ദൈവം’ എന്നു സ്ഥാപിക്കാൻ യെശയ്യായുടെ ഒമ്പതാം അധ്യായത്തിൽ നിന്നാണ് വാക്കുകൾക്ക് തെറ്റായ അർഥം നൽകി ഉദ്ധരിച്ചത്. എന്നാൽ, സത്യത്തിനു മുന്നിൽ അസത്യം എന്നും വിറങ്ങലിച്ചു നിന്നിട്ടേ ഉള്ളൂ. അവർക്കു പരാജയം സമ്മതിക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. സത്യത്തെ ബോധ്യത്തിലുൾക്കൊള്ളാനാകട്ടെ നിങ്ങളുടെ പരിശ്രമങ്ങൾ.

الَّذِينَ يَتَّبِعُونَ الرَّسولَ النَّبِيَّ الْأُمِّيَّ الَّذِي يَجِدُونَهُ مَكْتُوبًا عِندَهُمْ فِي التَّوْرَاةِ وَالْإِنجِيلِ يَأْمُرُهُم بِالْمَعْرُوفِ وَيَنْهَاهُمْ عَنِ الْمُنكَرِ وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ وَيَضَعُ عَنْهُمْ إِصْرَهُمْ وَالْأَغْلَالَ الَّتِي كَانَتْ عَلَيْهِمْ ۚ فَالَّذِينَ آمَنُوا بِهِ وَعَزَّرُوهُ وَنَصَرُوهُ وَاتَّبَعُوا النُّورَ الَّذِي أُنزِلَ مَعَهُ ۙ أُولَٰئِكَ هُمُ الْمُفْلِحُونَ

“തങ്ങളുടെ വശമുള്ള തോറയിലും സുവിശേഷത്തിലും രേഖപ്പെടുത്തിയതായി അവര്‍ കാണുന്ന നിരക്ഷരനായ പ്രവാചകനുണ്ടല്ലോ,വിശ്വാസികൾ ആ ദൈവദൂതനെ പിന്‍പറ്റുന്നവരാണ്. അവിടുന്ന് അവരോട്  നന്മ കല്‍പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നു. ഉത്തമ വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരിക്കുന്ന ഭാരങ്ങള്‍ ഇറക്കിവെക്കുന്നു. അവരെ കുരുക്കിയിട്ട വിലങ്ങുകള്‍ അഴിച്ചുമാറ്റുന്നു. അതിനാല്‍ അവിടുത്തെ വിശ്വസിക്കുകയും അവിടുത്തെ ശക്തിപ്പെടുത്തുകയും  സഹായിക്കുകയും അവിടുത്തേക്ക് അവതീര്‍ണമായ പ്രകാശത്തെ പിന്തുടരുകയും ചെയ്യുന്നവരാരോ, അവരാണ് വിജയം വരിച്ചവര്‍”(വിശുദ്ധ ഖുർആൻ 7/157)

ഉപകാരപ്രദമായ ഈ അറിവ് മറ്റ് സഹോദരങ്ങളിലേക്കും ഷെയർ ചെയ്യുക

Leave a Comment