സിഹ് ര്‍ ബാധിച്ചാല്‍ പ്രവാചകത്വം പൊളിയുമോ..?

ആദ്യം അനില്‍കുമാ­ര്‍ അയ്യപ്പ­ന്‍ പറയുന്നത് വായിക്കാം.
“അദ്ദേഹത്തിന്‍റെ ഭാര്യ പറയുന്നത് അദ്ദേഹത്തിനു സിഹ്റു അഥവാ മാരണം ബാധിച്ചിരുന്നു എന്നാണു. മാരണം ബാധിച്ചപ്പോള്‍ അദ്ദേഹത്തിനു താന്‍ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തതായി തോന്നി എന്ന് ആഇശ എടുത്തു പറയുന്നുണ്ട്. അദ്ദേഹത്തിനു അങ്ങനെ പല തോന്നലുകളും ഉണ്ടായി, ഈന്തപ്പന ശൈത്താന്‍റെ തലപോലെ തോന്നിയെന്നു പറയുന്നു. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്നും ഉള്ള കാര്യങ്ങള്‍ ഇല്ലെന്നുമൊക്കെ തോന്നുന്നത് മാരണം ബാധിച്ച അവസ്ഥയില്‍ സാധാരണമാണ്. അങ്ങനെ അദ്ദേഹത്തിനു തോന്നിയ കാര്യങ്ങളാണ് ഇന്നത്തെ ഖുര്‍ആനില്‍ ഉള്ളത്. എന്തൊക്കെയാണ് അദ്ദേഹത്തിനു തോന്നിയത്‌?
· യേശു ക്രിസ്തു ദൈവമല്ല എന്നദ്ദേഹത്തിനു തോന്നി,
· യേശുക്രിസ്തു ദൈവപുത്രനല്ല എന്നദ്ദേഹത്തിന് തോന്നി,
· യേശുക്രിസ്തു ക്രൂശിക്കപ്പെട്ടിട്ടില്ല എന്നദ്ദേഹത്തിന് തോന്നി,
· ഉസൈര്‍ ദൈവപുത്രനാണ് എന്ന് യെഹൂദന്മാര്‍ വിശ്വസിക്കുന്നുണ്ട് എന്നദ്ദേഹത്തിന് തോന്നി,
· താന്‍ പ്രവാചകനാണ് എന്നദ്ദേഹത്തിനു തോന്നി,
· അല്ലാഹു ദൈവമാണ് എന്നദ്ദേഹത്തിനു തോന്നി.”

ഉത്തരം:
നബി സ്വ.ക്ക് സിഹ്­ര്‍ ബാധിച്ചുവെന്ന് പറയുന്ന ഹദീസ് വസ്തുതാപരമാണെന്നു നാം ഇതിനു മുമ്പത്തെ പോസ്റ്റിലൂടെ പറഞ്ഞുവല്ലോ. സിഹ്­ര്‍ സംഭവം വിശദമാക്കുന്ന ഒരു ഹദീസ് മാത്രം ഉദ്ധരിക്കാം:

ബീവി ആഇശ പറയുന്നു: “ബനൂ സുറൈഖ് ഗോത്രക്കാരനായ ലബീദ് ബിന്‍ അഅ്സം നബിതിരുമേനിക്ക് ­സിഹ്­ര്‍ ചെയ്തു. അങ്ങനെ തിരുമേനിക്ക് ചെയ്യാത്ത ചില കാര്യങ്ങള്‍ ചെയ്തുവെന്ന് തോന്നും. ഒരു ദിവസം തിരുമേനി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. എന്നിട്ട് തിരുമേനി പറഞ്ഞു: ‘ആഇശാ, ഞാന്‍ പ്രാര്‍ഥിച്ചതിന് അല്ലാഹു ഉത്തരം നല്‍കിയിരിക്കുന്നു. എന്റെ അടുക്കല്‍ രണ്ടാളുകള്‍ വന്നു. അവരില്‍ ഒരാള്‍ എന്‍റെ ശിരസിന്റെ ഭാഗത്തും മറ്റേയാള്‍ പാദത്തിനടുത്തുമിരുന്നു. ഒരാള്‍ ചോദിച്ചു: ഇദ്ദേഹത്തെയെന്താണ് ബുദ്ധിമുട്ടാക്കുന്നത്? മറ്റെയാള്‍ പറഞ്ഞു: സിഹ്റ് ബാധിച്ചിരിക്കുന്നു. ആദ്യത്തെയാള്‍ ചോദിച്ചു: ആരാണ് സിഹ്റ് ചെയ്തത്? മറ്റെയാള്‍ : ലബീദുബ്നു അഅ്സ്വം. ആദ്യത്തെയാള്‍: എന്തു വസ്തുവിലാണ് സിഹ്­ര്‍ ചെയ്തിരിക്കുന്നത്? മറ്റെയാള്‍: ചീര്‍പ്പിലും ചീകുമ്പോള്‍ കൊഴിഞ്ഞു വിഴുന്ന മുടിയിലും ഈത്തപ്പനയുടെ ഉണങ്ങിയ കൊതുമ്പിലും. ആദ്യത്തെയാള്‍ ചോദിച്ചു: അത് എവിടെയാണ്? മറ്റെയാള്‍ പറഞ്ഞു: ദൂ അര്‍വാന്‍ ഗോത്രക്കാരുടെ കിണറ്റില്‍. അങ്ങനെ തിരുമേനി സ്വ. ചില സ്വഹാബതിനെയും കൂട്ടി അങ്ങോട്ട്‌ പോയി. തിരുമേനി പറഞ്ഞു: ആഇശാ, അതിലെ വെള്ളം മൈലാഞ്ചി കലക്കിയതുപോലെയുണ്ട്; അതിലെ ഈത്തപ്പനക്കൊതുമ്പിന്‍റെ തലപ്പ് പിശാചിന്‍റെ തലപോലെയുണ്ട്; ആഇശ ചോദിച്ചു: പ്രാവചകരേ, താങ്കള്‍ അത് പുറത്തെടുത്തില്ലേ? തിരുമേനി പറഞ്ഞു: അല്ലാഹു എനിക്ക് ആശ്വാസം നല്‍കി. ഇനി അതിന്‍റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാകുന്നത് ഞാന്‍ ഭയപ്പെട്ടു. അങ്ങനെ അതെടുത്ത് കുഴിച്ചുമൂടി.”

ഉപര്യുക്ത സംഭവം നബി സ്വ.യുടെ ജീവിതത്തില്‍ ഉണ്ടായി എന്നു പറയുന്നതില്‍ ഭംഗം ഒന്നുമില്ല എന്നു പറയുമ്പോളുള്ള ഒരു സംശയം അതു നബി തിരുമേനിസ്വ.യുടെ പ്രവാചകത്വ പദവിക്ക് നിരക്കാത്തതും അവിടുത്തെ വ്യക്തിത്വത്തില്‍ സംശയം ജനിപ്പിക്കുന്ന കാര്യവുമല്ലേ എന്ന വിമര്‍ശനത്തെപ്പറ്റിയാണ്. “ചെയ്യാത്ത ചില കാര്യങ്ങള്‍ ചെയ്തെന്നു അവിടുത്തേക്ക് തോന്നി” എന്നതാണ് വലിയ വായില്‍ വിളിച്ചുകൂവപ്പെടുന്ന വേറൊരു വിമര്‍ശനം. മറ്റൊന്ന് “ആഇശാ, അതിലെ വെള്ളം മൈലാഞ്ചി കലക്കിയതു പോലെയുണ്ട്; അതിലെ ഈത്തപ്പനക്കൊതുമ്പിന്‍റെ തലപ്പ് പിശാചിന്‍റെ തല പോലെയുണ്ട്” എന്നു പറഞ്ഞതാണ്. നോക്കാം.

നബിതിരുമേനിക്ക് സിഹ്­ര്‍ ഉണ്ടാകാമോ?
വശീകരണം, കണ്‍കെട്ടു വിദ്യ, വശ്യ ഭാഷണം, ചതി, വഞ്ചന എന്നൊക്കെ അര്‍ത്ഥമുള്ള പദമാണ് സിഹ്­ര്‍. അത്തരം സംഭവങ്ങള്‍ക്ക് തിരു ജീവിതം വിധേയമാകാമോ എന്നാണല്ലോ സംശയം. ആയാല്‍ അത് “ജനങ്ങളില്‍ നിന്ന് അല്ലാഹു അങ്ങയെ കാത്തു സംരക്ഷിക്കും” എന്നു ഖുര്‍ആന്‍ പറഞ്ഞതിനു വിരുദ്ധമാകില്ലേ?

പ്രഥമ പ്രധാനമായി മനസ്സിലാക്കേണ്ടത്, “ജനങ്ങളില്‍ നിന്ന് അല്ലാഹു അങ്ങയെ കാത്തു സംരക്ഷിക്കും” എന്നു പറഞ്ഞതിന്‍റെ ഉദ്ദേശം തനിക്കു ജീവാപായം വരുത്താനും തന്‍റെ ദൗത്യത്തിനു അന്ത്യം കുറിക്കാനും അവര്‍ക്ക് സാധിക്കുകയില്ല എന്നാണ്. ഖുര്‍ആന്‍ വ്യഖ്യാതാക്കളെല്ലാം ഇക്കാര്യം സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്. തിരുമേനിയും മനുഷ്യനാണ്, പ്രവാചകനുമാണ്. അതിനാല്‍, പ്രവാചക വ്യക്തിത്വത്തിനോട് രാജിയാകുന്ന മനുഷ്യ സഹജമായ കാര്യങ്ങള്‍ അവിടുത്തേക്ക് ഉണ്ടാകുന്നതു സംഗതമാണ്.

ഖാളി ഇയാള് (റ) അശ്ശിഫാ ബി തഅ്­രീഫി ഹുഖൂഖില്‍ മുസ്ത്വഫാ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ‘പ്രവാചക തിരുമേനി പാപസുരക്ഷിതനായിരിക്കെ ഇത്തരമൊരു കാര്യം എങ്ങനെയാണു ഉണ്ടാവുക’ എന്നു ചില ആളുകള്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ അറിയുക, ഈ ഹദീസ് സ്വഹീഹും ബുഖാരി മുസ്­ലിം ഏകകണ്ഠമായി യോജിച്ചതുമാണ്. ഇതില്‍ ആക്ഷേപം ഉന്നയിച്ചിട്ടുള്ളത് മതനിഷേധികള്‍ മാത്രമാണ്. തങ്ങളുടെ മണ്ടത്തരവും ഇത്തരം കാര്യങ്ങളെ കുറിച്ചുള്ള ആശയക്കുഴപ്പവും നിമിത്തം ഇസ്ലാമിക നിയമസംഹിതയില്‍ സംശയങ്ങള്‍ ജനിപ്പിക്കാന്‍ കോപ്പു കൂട്ടി ഇറങ്ങിയിരിക്കുകയാണ് ഇക്കൂട്ടര്‍. എന്നാല്‍ തിരുമേനി സ്വ.യിലും ഈ നിയമസംഹിതയിലും എന്തെങ്കിലും ആശയഭംഗം വരുന്നതിനെ പ്രതി അല്ലാഹു സംരക്ഷണം നല്‍കിയിരിക്കുന്നു. സിഹ്­ര്‍ വ്യത്യസ്ത തരത്തിലുള്ള രോഗങ്ങളിലൊന്ന് പോലെയാണ്. അതിന്‍റെ കാരണങ്ങള്‍ ഉണ്ടായാല്‍ അതും ഉണ്ടാകാം. തിരുമേനിക്കും രോഗങ്ങള്‍ ഉണ്ടാകാം എന്നത് പോലെ സിഹ്­റും സംഭവിക്കാം, അത് പ്രവാചകത്വത്തെ നിരാകരിക്കുകയോ ന്യൂനതയിലാഴ്ത്തുകയോ ചെയ്യുന്നില്ല. “ചെയ്യാത്ത ചില കാര്യങ്ങള്‍ ചെയ്തെന്നു അവിടുത്തേക്ക് തോന്നി” പോലെയുള്ള നിവേധനങ്ങളില്‍ വന്നതൊന്നും അവിടുത്തെ പ്രബോധനത്തെയോ നിയമദര്‍ശനത്തെയോ ഏതെങ്കിലും അര്‍ത്ഥത്തില്‍ ബാധിക്കുകയോ അവിടുത്തെ സത്യസന്ധതക്കു കളങ്കം വരുത്തുകയോ ചെയ്യുന്നില്ല.

അത്തരം സാഹചര്യങ്ങളെ തൊട്ടെല്ലാം അവിടുത്തേക്ക് പ്രത്യേക കാവല്‍ (ഇസ്മത്) നല്‍കപ്പെട്ടിട്ടുണ്ട് എന്നത് ഏകകണ്ഠമായ അഭിപ്രായമാണ്. ഉദ്ധൃത പരാമര്‍ശങ്ങളെല്ലാം തന്‍റെ നിയോഗത്തിന്‍റെ ലക്ഷ്യമോ കാരണമോ അല്ലാത്ത അവിടുത്തെ ഭൗതികമായ വ്യക്തി ജീവിതത്തില്‍ ഉണ്ടായവയെ പറ്റിയാണ്. ഐഹികജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാകുന്നത് പോലെയുള്ള വിഷമങ്ങള്‍ തിരുമേനിക്കും ഉണ്ടായെന്നു വരാം. അതിനാല്‍, വാസ്തവത്തില്‍ ഇല്ലാത്ത ചില കാര്യങ്ങള്‍ ഉണ്ടായെന്നു തോന്നുന്നതും പിന്നെ ശരിവശം ബോധ്യപ്പെടുന്നതും വിദൂരമായ സംഗതിയൊന്നുമല്ല” (പേജ് 182)

എന്തായിരുന്നു നബി തിരുമേനി സ്വ.ക്കു തോന്നിയ ചില കാര്യങ്ങള്‍?
സിഹ്­ര്‍ ബാധിച്ചു ചിത്തഭ്രമം പിടിപെട്ടവനെ പോലെ എന്തൊക്കെയോ വിഭ്രാന്തി തിരുമേനിക്കുണ്ടായി എന്ന മട്ടിലാണ് വിമര്‍ശകര്‍ ഈ ഹദീസ് കൈകാര്യം ചെയ്തിരിക്കുന്നത്. നാം ഓര്‍ത്തിരിക്കേണ്ട ഒരു കാര്യം, നബി സ്വ.ക്ക് സിഹ്­ര്‍ ബാധിച്ചുവെന്ന ഹദീസ് നിവേദനം ചെയ്തിരിക്കുന്നത് ബീവി ആഇഷയാണ്. അസാമാന്യമായ ധൈഷണികതയും ചിന്താപാടവവും കാര്യങ്ങളെ വസ്തുതാപരമായ പശ്ചാത്തലങ്ങളില്‍ അവരോധിച്ചു നിര്‍ത്തി വിലയിരുത്തുവാനുള്ള പക്വതയും അവര്‍ക്കുണ്ടായിരുന്നു എന്ന കാര്യം ചരിത്രത്തിനു സുപരിചിതമാണ്.

ബീവി ആഇഷ നിവേദനം ചെയ്തുവെന്നത് മാത്രമല്ല, അവര്‍ മാത്രമേ നിവേദനം ചെയ്തുള്ളൂ എന്നതാണ് വലിയ കാര്യം. ചില ഹദീസുകളില്‍ കാണുന്നത് ആറു മാസത്തോളം അവിടുന്ന് സിഹ്­ര്‍ ബാധിതനായിരുന്നു എന്നാണ്. എന്നിട്ടും എന്തുകൊണ്ട് ബീവി ആഇശയല്ലാതെ മറ്റാരും ഈ സംഭവം അറിഞ്ഞില്ല?! തിരുമേനിയുടെ ബദ്ധവൈരികള്‍ അവിടുത്തെ വ്യക്തിത്വത്തിനെതിരെ ആരോപിക്കാന്‍ എന്തെങ്കിലുമൊരു തരിമ്പ്‌ വീണു കിട്ടാന്‍ കണ്ണിലെണ്ണയൊഴിച്ച് കച്ച മുറുക്കി ജാഗ്രതയോടെ കാത്തിരിക്കുകയായിരുന്നുവെന്നു മറക്കരുത്. എന്നിട്ടും ശത്രുക്കാളോ മിത്രങ്ങളോ ആയ മറ്റാരും ഇങ്ങനെയൊരു സംഭവം അറിയാതെ പോയത് എന്തുകൊണ്ടാണ്?

“ആഇഷാ…” എന്നു വിളിച്ചു ചില കാര്യങ്ങള്‍ സംസാരിക്കുന്നത് ഈ ഹദീസുകളിലെല്ലാം നാം വായിക്കുന്നു. അഥവാ, തിരുമേനിയും ബീവിയും കുടുംബ ജീവിതം ആരംഭിച്ചതിനു ശേഷമാണ് ഈ സംഭവം എന്നര്‍ത്ഥം. ഹിജ്റ ഒന്നാം വര്‍ഷമാണ്‌ പ്രസ്തുത ദാമ്പത്യം ആരംഭിക്കുന്നത്. കുറേക്കൂടി കൃത്യമായിപ്പറഞ്ഞാല്‍, ഹിജ്റ ഏഴാം വര്‍ഷമാണ്‌ ജൂതന്‍ നബിതിരുമേനിക്കെതിരെ ആഭിചാര പ്രയോഗം നടത്തിയത് എന്നു ഇമാം വാഖിദിയെ ഉദ്ധരിച്ചു ഇമാം ഇബ്നു സഅദ് രേഖപ്പെടുത്തിയിട്ടുണ്ട്. ഖൈബര്‍യുദ്ധം അടക്കമുള്ള ശബ്ദമാനമായ സംഗതികളാല്‍ സംഭവ ബഹുലമായിരുന്ന കാലമായിരുന്നു അത്. പൊതുജനമധ്യത്തില്‍ നിന്ന് മാറി നിന്നൊരു ജീവിതം തീര്‍ത്തും അസാധ്യമായ ഒരു ഘട്ടം. ഇത്തരമൊരു സാഹചര്യത്തില്‍, ശത്രുക്കള്‍ ആരോപിക്കുന്നത് പോലെ സിഹ്­ര്‍ മൂലം ചിത്തഭ്രമം പിടിപെട്ടും മനോവിഭ്രാന്തി പ്രകടിപ്പിച്ചും ആറുമാസം അവിടുന്ന് കഴിഞ്ഞിരുന്നുവെങ്കില്‍ പൊതു സമൂഹത്തിന്‍റെ ദൃഷ്ടിയില്‍ നിന്നത് മറച്ചുവെക്കാന്‍ കഴിയുമായിരുന്നില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. ശത്രുക്കള്‍ അതെപ്പോഴേ ആയുധമാക്കുമായിരുന്നു. തിരുനബിസ്വ.യുടെ ശുഭ്ര സമാനമായ ജീവിതത്തില്‍ ആക്ഷേപഹാസ്യങ്ങളും ആരോപണശരങ്ങളുമായി പെയ്തിറങ്ങാന്‍ അവര്‍ക്കത് ധാരാളമായിരുന്നു. എന്തുകൊണ്ട് അങ്ങനെയൊന്നും സംഭവിച്ചില്ല?

ഉത്തരം വ്യക്തമാണ്. തിരുനബിയുടെ സ്വകാര്യ ജീവിതത്തില്‍ മാത്രമാണ് ആഭിചാരക്രിയയുടെ സ്വാധീനം ഉണ്ടെന്നു അവിടുത്തേക്ക്‌ തോന്നിയത്, ആഇഷയോടല്ലാതെ അത് പങ്കു വെച്ചിട്ടുണ്ടായിരുന്നില്ല എന്നാണു ഹദീസുകളുടെ ആഖ്യാനത്തില്‍ നിന്ന് മനസ്സിലാക്കാന്‍ പറ്റുന്നത്. അവിടത്ത സഹധര്‍മ്മിണിയും ജീവിത പങ്കാളിയും അങ്ങേയറ്റം ആത്മബന്ധം കാത്തു സൂക്ഷിക്കുകയും ചെയ്തിരുന്ന മഹതിയാണ് ആഇഷ ബീവി. അഥവാ, “ചെയ്യാത്ത ചില കാര്യങ്ങള്‍ ചെയ്തെന്നു അവിടുത്തേക്ക് തോന്നി” എന്നു പറഞ്ഞത് അവരുടെ സ്വകാര്യ ജീവിതവുമായി ബന്ധപെട്ട വിഷയങ്ങളില്‍ മാത്രം ആയിരുന്നു എന്നര്‍ത്ഥം. അവിടുത്തേക്ക്എന്തോ പിണഞ്ഞിട്ടുണ്ട് എന്നു മറ്റു സ്വഹാബിമാര്‍ക്കോ നാട്ടുകാര്‍ക്കോ പൊതുജനത്തിനോ ചിന്തിക്കാന്‍ പോലും പഴുത് കൊടുക്കാത്ത വിധം സ്വകാര്യമായ കാര്യങ്ങളില്‍ മാത്രമാണ് തങ്ങള്‍ ചെയ്യാത്തത് ചെയ്തുവെന്ന തോന്നല്‍ ഉണ്ടായത് എന്നു സ്പഷ്ടമാണ്.

ഇമാം നവവി (റ) ഖാളി ഇയാള് (റ)വിനെ തന്നെ ഉദ്ധരിക്കുന്നത് ചേര്‍ത്തു വായിക്കുക: “ സിഹ്­ര്‍ അവിടുത്തെ ശരീരത്തെയും ബാഹ്യമായ അവയവങ്ങളെയും മാത്രമാണ് ബാധിച്ചത്, അല്ലാതെ ബുദ്ധിയെയോ മനസിനെയോ വിശാസത്തെയോ തെല്ലും സ്വാധീനിച്ചിട്ടില്ല. ഈ ഹദീസിന്‍റെ എല്ലാ നിവേദനങ്ങളും വ്യക്തമാക്കുന്നത് അതാണ്‌. “താന്‍ ഭാര്യമാരെ സമീപിക്കണം എന്നു വിചാരിച്ചു, എന്നിട്ട് പോയില്ല” അല്ലെങ്കില്‍ “തനിക്ക്‌ തോന്നി” എന്നൊക്കെ ഹദീസില്‍ പരാമര്‍ശിച്ചതിന്‍റെ താത്പര്യം പതിവു പോലെയുള്ള ഉന്മേഷവും ശേഷിയും ഉണ്ടെന്നു കരുതുന്ന ചില സന്ദര്‍ഭങ്ങളില്‍ ഭാര്യമാരെ സമീപിക്കണമെന്നു വിചാരിക്കും, എന്നാല്‍ ആഭിചാരക്രിയയുടെ സ്വാധീനം പ്രകടമാകുന്നതിനാല്‍ പോകാതിരിക്കും അല്ലെങ്കില്‍ പോകാന്‍ തരപ്പെടാതിരിക്കും എന്നാണ് – സാധാരണ മാരണം ബാധിച്ചവരെപ്പോലെ. “ചെയ്യാത്ത ചില കാര്യങ്ങള്‍ ചെയ്തെന്നു തനിക്ക് തോന്നി” എന്നു പറയുന്ന നിവേധനങ്ങളെല്ലാം “തോന്നലുകളെ” പറ്റിയാണ്. അല്ലാതെ ചിത്തഭ്രമം ആണെന്നു പറയാന്‍ ഒരു ന്യായവുമില്ല. ഇപ്പറഞ്ഞത് തന്‍റെ പ്രബോധനദൗത്യത്തിനു (രിസാലത്) ഒരു ഭംഗവും വരുത്തുന്നില്ല. ദുര്മാര്‍ഗികള്‍ക്ക് ആക്ഷേപിക്കാന്‍ വകുപ്പും ഇല്ല.” (ശറഹു മുസ്‌ലിം 7 / 431).
പിശാചിന്‍റെ തലയും മൈലാഞ്ചി കലക്കിയ വെള്ളവും കണ്ടെന്നു തോന്നിയോ??
നബിതിരുമേനി സ്വ. എന്താണ് പറഞ്ഞത്: “ആഇശാ, അതിലെ വെള്ളം മൈലാഞ്ചി കലക്കിയതുപോലെയുണ്ട്; അതിലെ ഈത്തപ്പനക്കൊതുമ്പിന്‍റെ തലപ്പ് പിശാചിന്‍റെ തലപോലെയുണ്ട്”

ഈ വരികള്‍ ഒരു തവണ കൂടി വായിക്കുക. ഇവിടെ മൈലാഞ്ചി കലക്കിയ വെള്ളമോ പിശാചിന്‍റെ തലയോ കണ്ടതായി തോന്നി എന്നു നബി സ്വ. പറഞ്ഞിട്ടുണ്ടോ? ഇല്ല, ഇല്ലേയില്ല!!

ഭാഷയെ കുറിച്ചോ ഭാഷയുടെ ചമല്‍ക്കാരത്തെയും രമണീയതയെയും സംബന്ധിച്ചോ ചമല്‍ക്കാര ജനകമായ വാക്യഭംഗി നല്‍കുന്ന അലങ്കാരത്തെപ്പറ്റിയോ അലങ്കാരത്തിന്‍റെ പ്രകാരഭേധങ്ങളും വിഭിന്നോപാധികളും പ്രകടമാകുന്ന ശബ്ദവിന്യാസങ്ങളെ കുറിച്ചോ ഒരു ധാരണയുമില്ലാത്ത ഒരു പാവത്താന്‍റെ വിമര്‍ശനം മാത്രമാണിത്.

“മന്നവേന്ദ്രാ! വിളങ്ങുന്നു
ചന്ദ്രനെപ്പോലെ നിന്മുഖം”
എന്നു പറഞ്ഞാല്‍ രാജാവിന്‍റെ മുഖം കണ്ടപ്പോ­ള്‍ ചന്ദ്ര­ന്‍ ആണെന്ന് തോന്നി എന്നാണോ അര്‍ഥം. “അവന്‍ ആളൊരു പുലിയാണ്” എന്നു പറഞ്ഞാല്‍ പിടിച്ചു കൊണ്ടുപോയി മൃഗശാലയി­ല്‍ തള്ളണം എന്നല്ലല്ലോ ആളൊരു ധീരനാണ് എന്നല്ലേ മനസ്സിലാക്കേണ്ടത്. സ്വര്‍ഗരാജ്യത്തി­ല്‍ നിന്ന് ഇറങ്ങി വന്നവനാണ് യേശു എന്നാണല്ലോ ബൈബി­ള്‍ പഠിപ്പിക്കുന്നത്. “സ്വര്‍ഗരാജ്യം പുളിച്ച മാവിനോട് സദൃശം” എന്നാണു യേശുക്രിസ്തു പറഞ്ഞത് (മത്തായി 13/33). അതിന്‍റെ അര്‍ഥം യേശുക്രിസ്തു പുളിച്ച മാവില്‍ നിന്നു എണീറ്റു വന്നു എന്നാണോ അനില്‍കുമാ­ര്‍ മനസ്സിലാക്കുക? കഷ്ടം! ഒരു വസ്തുവിനെ വര്‍ണിക്കുമ്പോ­ള്‍ ആ വസ്തുവിനോട് ഏതെങ്കിലും നിലയി­ല്‍ ബന്ധമുള്ള മറ്റൊന്നിനോടു സാമ്യപ്പെടുത്തി പറയുന്ന ഉപമാലങ്കാരം മനസ്സിലാകണമെങ്കില്‍ അല്പം സാഹിത്യബോധം ഒക്കെ വേണം. ഇല്ലെങ്കില്‍ യേശുക്രിസ്തു പുളിച്ച മാവില്‍ നിന്നു എണീറ്റു വന്നതാണ് എന്നു വിശ്വസിച്ചു നടക്കേണ്ടി വരും. നടന്നോളൂ, നിങ്ങളുടെ സ്വാത്രന്ത്യത്തില്‍ ഞങ്ങള്‍ കയ്യിടുന്നില്ല.

മലയാളത്തില്‍ ഉപമേയത്തെ ഉപമാനത്തോട് സാദൃശ്യപ്പെടുത്തുമ്പോ­ള്‍ സാമ്യത്തെ കാണിക്കുന്ന ഉപമാവാചകങ്ങള്‍ പലതുണ്ട്; സമം, സമാനം, തുല്യം, പോലെ, സാദൃശ്യം, എന്നപോലെ, അതുപോലെ, കണക്കെ… മുതലായവ ഉദാഹരണങ്ങളാണ്. അറബി സാഹിത്യത്തിലും തഥൈവ. ഉപമയുടെ പ്രകാരഭേധങ്ങള്‍ മലയാളത്തിനേക്കാളേറെ അറബിയിലുണ്ട്. വിന്യാസോപാധികള്‍ ഏറെക്കുറെ സമാനമാണ്.

“അതിലെ വെള്ളം മൈലാഞ്ചി കലക്കിയതുപോലെയുണ്ട്; അതിലെ ഈത്തപ്പനക്കൊതുമ്പിന്‍റെ തലപ്പ് പിശാചിന്‍റെ തലപോലെയുണ്ട്” എന്ന വാചകത്തില്‍ “കഅന്നമാ” എന്ന (പോലെ എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള) പദമാണ് ഉപമാവാചകം. വെള്ളം, ഈത്തപ്പനക്കൊതുമ്പിന്‍റെ തലപ്പ് എന്നിവ ഉപമേയവും മൈലാഞ്ചി കലക്കിയത്, പിശാചിന്‍റെ തല എന്നിവ ഉപമാനവുമാണ്. രണ്ടിലും ഉപമയുടെ നാല് ഘടകങ്ങളില്‍ ഒന്നായ “സാധാരണ ധര്‍മം“ (ഉപമാനത്തിനും ഉപമേയത്തിലും പൊതുവേയുള്ള ഗുണം) പരാമര്‍ശിച്ചിട്ടില്ലാത്തതിനാല്‍ ഇതു ലുപ്തോപമ ആണ്. രണ്ടാമത്തെ ഉദാഹരണത്തില്‍ ഉപമാനത്തിനും ഉപമേയത്തിനും പ്രത്യേകം അവയവങ്ങള്‍ കല്പിച്ചു അവയവിയായ ഉപമേയത്തെ അവയവിയായ ഉപമാനത്തോട് സാദൃശ്യം കല്‍പ്പിക്കുന്നു. മലയാളത്തില്‍ “സാവയവോപമ” എന്നു വിളിക്കുന്ന ഉപമാവാന്തരം അറബിയില്‍ “ഇസ്തിആറത് മക്­നിയ്യ” എന്ന ഗണത്തില്‍ ആണ് ഉള്‍പ്പെടുക. ഹദീസിലെ കഅന്നമാ, ഈ വാചകം “ഇസ്തിആറത് മക്­നിയ്യ” എന്ന ഗണത്തിലുള്‍പ്പെട്ടതാണെന്ന് അറിയിക്കുന്നുണ്ട്.

എന്തൊക്കെയാണ് അദ്ദേഹത്തിനു തോന്നിയത്‌?
നബിതിരുമേനി സ്വ.ക്ക് മാരണം ബാധിച്ചപ്പോള്‍ എന്തൊക്കെ തോന്നി എന്നതിനു അനില്‍കുമാ­ര്‍ ചില ഉദാഹരണങ്ങള്‍ നിരത്തിയിട്ടുണ്ട്. അതിവിടെ ചേര്‍ക്കുന്നു.
· യേശു ക്രിസ്തു ദൈവമല്ല എന്നദ്ദേഹത്തിനു തോന്നി,
· യേശുക്രിസ്തു ദൈവപുത്രനല്ല എന്നദ്ദേഹത്തിന് തോന്നി,
· യേശുക്രിസ്തു ക്രൂശിക്കപ്പെട്ടിട്ടില്ല എന്നദ്ദേഹത്തിന് തോന്നി,
· ഉസൈര്‍ ദൈവപുത്രനാണ് എന്ന് യെഹൂദന്മാര്‍ വിശ്വസിക്കുന്നുണ്ട് എന്നദ്ദേഹത്തിന് തോന്നി,
· താന്‍ പ്രവാചകനാണ് എന്നദ്ദേഹത്തിനു തോന്നി,
· അല്ലാഹു ദൈവമാണ് എന്നദ്ദേഹത്തിനു തോന്നി.”
ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായില്ലേ സിഹ്­റുബാധ നബിതിരുമേനി സ്വ.യുടെ ബുദ്ധിയെയോ മനസിനെയോ വിശാസത്തെയോ തെല്ലും സ്വാധീനിച്ചിട്ടില്ല എന്ന്. മാത്രമല്ല, അനില്‍കുമാ­റിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍, അവിടുത്തെ പ്രവാചകത്വദൗത്യത്തെ കുറിച്ചു കൂടുതല്‍ അവബോധം ഉണ്ടാകുകയാണ് ചെയ്തിട്ടുള്ളത് എന്നു മനസ്സിലാക്കാം. തിരുമേനിക്ക് സിഹ്­ര്‍ ചെയ്ത ലബീദുബ്നു അഅ്സ്വമിന്‍റെ സഹോദരി അവിടുത്തേക്ക് സിഹ്­ര്‍ ബാധിച്ചുവെന്ന് അറിഞ്ഞപ്പോള്‍ പറഞ്ഞു: “അദ്ദേഹം സത്യമായും നബിയാണെങ്കില്‍ അദ്ദേഹത്തിന് വിവരം ലഭിക്കും. അല്ലെങ്കില്‍ സിഹ്­ര്‍ മുഖേന അയാളുടെ ബുദ്ധി നശിക്കും.” ആദ്യം പറഞ്ഞത് സംഭവിച്ചു എന്നാണ് ഹദീസില്‍നിന്ന് മനസ്സിലാവുന്നത്. ആ യാഥാര്‍ഥ്യം അനില്‍കുമാ­ര്‍ കൂടി എടുത്തുപറയുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്.
യേശുക്രിസ്തുവിന്‍റെ ദൈവികത
ഇനിയുള്ള ഒരു വിഷയം, മാരണം ബാധിച്ചപ്പോള്‍ നബിതിരുമേനി സ്വ.ക്ക് തോന്നിയതായി അനില്‍കുമാ­ര്‍ ഉദ്ധരിച്ച വിഷയങ്ങളില്‍ അദ്ദേഹത്തിനുള്ള സംശയങ്ങള്‍ക്ക് വേണ്ട ഉത്തരമാണ്. അത് അദ്ദേഹത്തിനു നന്നായി ബോധ്യപ്പെട്ടതാണ്. 2013 ഫെബ്രുവരി 13, 14 തീയതികളില്‍ നിലമ്പൂര്‍ വെച്ച് നടന്ന ഇസ്‌ലാം ക്രൈസ്തവ സംവാദത്തിന്‍റെ ഒന്നാം ദിവസത്തെ വിഷയം “യേശുക്രിസ്തുവിന്‍റെ ദൈവികത” ആയിരുന്നു. അന്ന് ഈ വിനീതനോട് സംവാദത്തിനു വന്നു പഞ്ചപുച്ഛമടക്കി മടങ്ങിയവരില്‍ പ്രധാനിയായിരുന്നു അനില്‍കുമാ­ര്‍. അതിന്‍റെ പൂര്‍ണ വീഡിയോ എന്‍റെ ബ്ലോഗിലും യൂട്യൂബിലും ഉണ്ട്, ഒരാവര്‍ത്തി കൂടി കാണുക.

എങ്കിലും മാന്യ വായനക്കാര്‍ക്ക് വേണ്ടി എന്തുകൊണ്ടാണ് ബുദ്ധിയുള്ളവര്‍ യേശുക്രിസ്തു ദൈവമാണെന്ന് അംഗീകരിക്കാത്തത് എന്നു മനസ്സിലാക്കാന്‍ അന്ന് സംവാദത്തില്‍ ഞാന്‍ പറഞ്ഞിരുന്ന ഒരു കാര്യം മാത്രം പറയാം. യേശു ദൈവമാണെന്നാണല്ലോ പറയുന്നത്. എന്നാല്‍, യേശുവിനെ കുറിച്ച് ബൈബിള്‍ അവതരിപ്പിക്കുന്ന ചിത്രം എക്കാലത്തെയും ദൈവസങ്കല്‍പങ്ങള്‍ക്ക് വിരുദ്ധമാണ്. ചില ഉദാഹരണങ്ങള്‍ നോക്കൂ.
1. വിശക്കുന്നു (മത്തായി 4/ 2, മാര്‍ക്കോസ് 4/12)
2. ദാഹിക്കുന്നു (യോഹന്നാന്‍ 19/28)
3. കരയുന്നു (യോഹന്നാന്‍ 11/35)
4. അജ്ഞതയനുഭവിക്കുന്നു (മാര്‍ക്കോസ് 11/12,13)
5. ദുഃഖിക്കുന്നു (മത്തായി 26/37)
6. ക്ഷീണിക്കുന്നു (യോഹന്നാന്‍ 4/6)
7. അസ്വസ്ഥനാകുന്നു (യോഹന്നാന്‍ 11/33)
8. ഭയക്കുന്നു (യോഹന്നാന്‍ 11/53,54)
9. ഒറ്റുകൊടുക്കപ്പെടുന്നു (യോഹന്നാന്‍ 18/2)
10. ബന്ധിക്കപ്പെടുന്നു (യോഹന്നാന്‍ 18/12,13)
11. അപമാനിക്കപ്പെടുന്നു (മത്തായി 26/67)
12. അടി കിട്ടുന്നു (യോഹന്നാന്‍ 18/22)
13. മരണത്തെ പേടിക്കുന്നു (മാര്‍ക്കോസ് 14/36)
14. ബലഹീനതയാല്‍ ക്രൂശിക്കപ്പെടുന്നു (2 കൊരി. 13/14)
15. ഉറക്കെ നിലവിളിച്ചു പ്രാണന്‍ വിടുന്നു ( മത്തായി 27/50)
അവന്‍ പരിശുദ്ധാത്മാവു നിറഞ്ഞവനായിട്ടാണത്രേ യോർദ്ദാൻ വിട്ടു മടങ്ങിയത്. എന്നാല്‍ ലൂക്കോസ് സുവിശേഷവും മത്തായി സുവിശേഷവും പറയുന്നത് പിശാചു പിടികൂടി. നാല്പതു ദിവസം വട്ടം കറക്കി! ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചിക്കാന്‍ പോലും കിട്ടിയില്ല എന്നു സുവിശേഷങ്ങള്‍ തന്നെ പറയുന്നു!! എന്നിട്ട് നാല്‍പ്പതു കഴിഞ്ഞപ്പോൾ അവന്നു ആകെ വിശന്നു വലഞ്ഞു പോലും. ഇങ്ങനെയുള്ള ഒരാളെ ദൈവമായി സ്വീകരിക്കാന്‍ പറ്റുമോ?

ഉപകാരപ്രദമായ ഈ അറിവ് മറ്റ് സഹോദരങ്ങളിലേക്കും ഷെയർ ചെയ്യുക

Leave a Comment