ഹിജഡ ഇസ്്‌ലാമിലെ ഇടം

ചോദ്യം:
ഹിജഡകളെ കുറിച്ചോ അവരുമായി ബന്ധപ്പെട്ട ഏതെങ്കിലും നിയമങ്ങളോ ഖുർആനിൽ പ്രതിപാധിച്ചിട്ടുണ്ടോ? ആണിനേയും പെണ്ണിനേയും ഒരേ നഫ്സിൽ നിന്നു സൃഷ്ടിച്ചു എന്നു പറയുന്ന ഖുർആൻ ഇതിൽ രണ്ടിലും പെടാത്ത ഇവരുടെ കാര്യത്തിൽ എന്തു പറഞ്ഞു? ആണുമായും പെണ്ണുമായും ബന്ധപ്പെട്ട നിരവധി നിയമങ്ങൾ വിവരിച്ച ഖുർആൻ ഇവരുടെ കാര്യത്തിൽ മൗനം പാലിച്ചിട്ടുണ്ടോ? സമൂഹത്തിന്റെ നാനാതുറകളിലും അവഗണന മാത്രം നേരിടുന്ന, മതപരമായ രംഗത്ത്‌, ഇമാമത്തിനോ സാക്ഷിത്വത്തിനോ പോലും പരിഗണിക്കാത്ത ഇവരുടെ സൃഷ്ടിപ്പിന്റെ രഹസ്യം എന്താണ്? ഇവരിലൂടെ നിർവ്വഹിക്കപ്പെടുന്ന ധർമ്മം എന്താണ്?

മനുഷ്യന്‍ ഒന്നുകില്‍ ആണ്‍ അല്ലെങ്കില്‍ പെണ്ണ് എന്ന ഖുര്‍ആനിന്റെ നിലപാടാണ് ശരി എന്നാണു എല്ലാ ആധുനിക പഠനങ്ങളും തെളിയിച്ചിട്ടുള്ളത്. മറിച്ചുള്ള പ്രചരണങ്ങള്‍ സ്വവര്‍ഗ ഭോഗതത്പരതയെ മറയാക്കി മനുഷ്യ ശരീരത്തിന്‍റെ “രാഷ്ട്രീയ സാധ്യതകള്‍” ലക്ഷ്യമാക്കുന്ന ചിലര്‍ പടച്ചു വിടുന്ന പെരുംകള്ളങ്ങള്‍ ആണ്. ‘മൂന്നാം ലിംഗം’ അല്ലെങ്കില്‍ ലൈംഗികന്യൂനപക്ഷം എന്ന ഒരു വിഭാഗം കൂടിയുണ്ട് എന്നാണു ഇപ്പോളിവര്‍ വാദിക്കുന്നത്. ലൈംഗികന്യൂനപക്ഷം / LGBT എന്ന ചുരുക്കപ്പേര് ലെസ്ബിയന്‍ (Lesbian), ഗേ (Gay), ഉഭയലൈംഗികര്‍ (Bisexuals), അപരലിംഗര്‍ (Transgender) എന്നീ വിഭാഗങ്ങളെ മൊത്തമായി സംബോധന ചെയ്യുന്നതിനുപയോഗിക്കുന്നു.
ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന ഗേ(gay) കമ്മ്യൂണിറ്റി എന്ന വാക്കിനു പകരം 1980കളിലാണ് LGB എന്ന പദം ഉപയോഗിച്ച് തുടങ്ങിയത്. പിന്നീട് 1990ഇൽ LGB പരിഷ്കരിച്ചു LGBT എന്നാക്കി. അമേരിക്കയിലും മറ്റു ഇംഗ്ലീഷ് ഭാഷാ രാജ്യങ്ങളിലും ലിംഗഭേദം/ലൈംഗികത എന്നിവ അടിസ്ഥാനമാക്കിയുള്ള സംഘടനകൾക്കിടയിൽ ഈ ചുരുക്കപ്പേര് വളരെ വേഗം പ്രചാരം നേടുകയും അത് ഈ സമൂഹങ്ങളെ അഭിസംബോധന ചെയ്യുവാനുള്ള മുഖ്യധാരപദമായി മാറുകയും ചെയ്തു. ചിലപ്പോൾ intersex ആയുള്ള സമൂഹങ്ങളെ കൂടി ഉൾകൊള്ളിച്ചു കൊണ്ട് LGBTI എന്നും വിളിക്കാറുണ്ട്. ഇന്ത്യയിൽ ഹിജഡകളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് LGBTIH എന്നും ഉപയോഗിക്കാറുണ്ട്. LGBT എന്നതിനെ പൊതുവിൽ ക്വിയർ (Queer) എന്നും അഭിസംബോധന ചെയ്യാറുണ്ട്.

വെറും രാഷ്ട്രീയ അജണ്ടകള്‍ ആണ് . ‘മൂന്നാം ലിംഗം’ അല്ലെങ്കില്‍ ലൈംഗികന്യൂനപക്ഷം എന്ന വിഭാഗത്തെ ഉയര്‍ത്തികൊണ്ടു വരുന്നത് എന്നു മനസ്സിലാക്കാന്‍ അധികബുദ്ധിയൊന്നും വേണ്ട; എങ്ങനെ ഉഭയലൈംഗികര്‍ (Bisexuals) ഇതില്‍ ഉള്‍പ്പെട്ടു എന്നു ആലോചിച്ചാല്‍ മതി. പുരുഷന്മാരോടും സ്ത്രീകളോടും തോന്നുന്ന ലൈംഗികാകര്‍ഷണമാണ് ഉഭയലൈംഗികത. ഈ ആകര്‍ഷണം പുരുഷന്മാരോടും സ്ത്രീകളോടും ഒരേ അളവില്‍ തോന്നണം എന്നില്ല. ഒരാളുടെ മാനസികാവസ്ഥയെയാണ് ഈ വാക്ക് കുറിക്കുന്നത്, ലൈംഗികബന്ധത്തെയല്ല.
ആണും പെണ്ണും അല്ലാത്ത ‘മൂന്നാം ലിംഗം’ എന്ന ഒരു വിഭാഗത്തെ കുറിച്ച് ജൈവശാസ്ത്ര പഠനങ്ങള്‍ എന്ത് പറയുന്നുവെന്ന് നോക്കാം.

മനുഷ്യ ശരീരം സൂക്ഷ്മമായ കോശങ്ങളാ (Cell)ൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഒരു കോശത്തിന്റെ കേന്ദ്ര ഭാഗത്തെ ന്യൂക്ളിയസ്സി(Nucleus)എന്ന് പറയുന്നു . അതിനകത്ത്ക്രോമസോം(Chromosome) തന്തുക്കക്കൾ ജോഡികളായി കാണപ്പെടുന്നു. എല്ലാ ജീവജാലങ്ങളുടേയും ശരീരകോശങ്ങളിലെ ജീവൽ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഡി.എൻ.ഏ ഉൾപ്പെട്ടിരിക്കുന്ന ന്യൂക്ലിയോ പ്രോട്ടീൻ തന്മാത്ര സങ്കലനമാണ് ക്രോമസോമുകൾ. ഇവയുടെ ഇഴപിരിയലും വേർപെടലും കോശവിഭജനത്തിന് അത്യന്താപേക്ഷിതമാണ്. ജീവജാലങ്ങളിലോരോന്നിലും കോശങ്ങളിൽ ക്രോമസോമുകളുടെ സംഖ്യ സ്ഥിരമാണ്. മനുഷ്യനിൽ ഓരോ കോശത്തിലും 23 ജോഡി അഥവാ 46 ക്രോമസോമുകളുണ്ട്. ക്രോമസോം നോക്കിയാണ്‌ ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്ന്‌ നിശ്‌ചയിക്കുന്നത്‌. സ്‌ത്രീയില്‍നിന്ന്‌ എക്‌സ് എക്‌സ് ക്രോമോസോമും പുരുഷനില്‍നിന്ന്‌ എക്‌സ് വൈ ക്രോമോസോമുമാണ്‌ ഉണ്ടാകുന്നത്‌. ഇത്‌ സംയോജിച്ച്‌ എക്‌സ് എക്‌സ് ക്രോമോസോം ചേരുമ്പോള്‍ പെണ്‍കുട്ടിയും എക്‌സ് വൈ ചേര്‍ന്നാല്‍ ആണ്‍കുട്ടിയും ജനിക്കുന്നു.
ഒന്നുകൂടി വിശദമായി പറഞ്ഞാല്‍, 23 ജോഡി അഥവാ 46 ക്രോമസോമുകളാണ് മനുഷ്യ കോശത്തിൽ ഉള്ളത് എന്നു പറഞ്ഞുവല്ലോ. ഇതിൽ അവസാനത്തേത് സെക്സ് ക്രോമാസോം എന്ന് പറയും .അവ രണ്ടുണ്ട്; X ,Y. ഇതാണ് പുരുഷ -സ്ത്രീ ലിംഗ നിർ ണ്ണയത്തിന്റെ ആധാരം .23 ആം നമ്പർ x x ആണെങ്കിൽ കുട്ടി സ്ത്രീയും, x y ആണെങ്കിൽ പുരുഷനും ആയിരിക്കും. അഥവാ, പുരുഷ ബീജം ആണ് സ്ത്രീ -പുരുഷ ലിംഗ നിർണ്ണയം തീരുമാനിക്കുന്നതില്‍ റോള്‍ വഹിക്കുന്നത് എന്നര്‍ത്ഥം; സ്ത്രീയുടെ അണ്ഡത്തിനു അതിൽ റോള് ഇല്ല .മനുഷ്യൻ തലമുറകളിലൂടെ സ്വഭാവം ,വർണ്ണം ,മുഖ സാദൃശ്യം, തുടങ്ങിയവ കൈമാറുന്നത്,ആണ്‍ -പെണ്‍ വേർതിരിവ് ഉണ്ടാകുന്നത് ജീൻ – ക്രോമസോം തുടങ്ങിയവയിലൂടെയാണ്.

നടേ പറഞ്ഞപോലെ, പുരുഷലിംഗം നിര്‍ണ്ണയിക്കുമ്പോള്‍ X എന്നും Y എന്നുമുള്ള രണ്ടു വ്യത്യസ്ത ക്രോമസോമുകളുടെ സങ്കലനം നടക്കുന്നു. Y ക്രോമസോമിലെ SRY – (Sex-determining Region Y) എന്ന ജീനാണ്‌ പുരുഷലിംഗത്തിലെ പൌരുഷത്തിന്റെ ഘടന നിര്‍വ്വചിക്കുന്നത്. X ക്രോമസോമും Y ക്രോമസോമും ഘടനയിലും രൂപത്തിലും വ്യത്യാസമുണ്ട്.അതിനാല്‍, അതിന്റെ സംയോഗങ്ങളിലും ഏറ്റക്കുറച്ചിലുകള്‍ക്കു സാധ്യത ഏറെയാണ്. SRY ജീനിന്റെ ഈ ഏറ്റക്കുറച്ചിലുകളിലൂടെ Y ക്രോമസോമിന്റെ സംയോഗം ദുര്‍ബലമാകുമയും X ക്രോമസോമിന്റെ ആധിപത്യം ജീനില്‍ സംഭവിക്കുകയും ചെയ്യുന്നിടത്താണ്‌ പുരുഷലിംഗത്തില്‍ ജനിക്കുന്ന ശിശുവില്‍ സ്‌ത്രീപ്രകൃതി കൂടുതലായി ഉണ്ടാകുന്നത്. ഇങ്ങനെ Y ക്രോമസോമിന്റെ ദുര്‍ബലതയോടെ ജനിക്കുന്ന ചില പുരുഷന്‍മാര്‍ ഉഭയലൈംഗികത ഉള്ളവരായിരിക്കും, ചിലര്‍‌ ഉഭയലിംഗമുള്ളവരായിരിക്കും‌. ഇങ്ങനെ രണ്ടു ലിം‌ഗത്തോടെ ജനിക്കുന്നവരെയാണ് ഇംഗ്ലീഷില്‍ ഹെ­ര്‍മ ഫ്രോഡൈറ്റ് എന്നു പറയുന്നത്.

ആദ്യത്തെ നാല്‍പ്പതു ദിവസത്തിനു ശേഷമാണ് ഗര്‍ഭസ്ഥ ശിശുവില്‍ ലിംഗഭേദം ആദ്യമായി പ്രകടമാകുന്നത്. Sex determining Region Y-SRY ജീന്‍ അപ്പോഴാണ്‌ പ്രവര്‍ത്തനം തുടങ്ങുന്നത്. അതോടെയാണ് ജനിതക വ്യത്യാസങ്ങള്‍ ശാരീരിക വ്യത്യാസങ്ങളായി പരിണമിക്കുന്നത്. SRY-യെ കൂടാതെ ലിംഗനിര്‍ണ്ണയത്തില്‍ പ്രധാനപ്പെട്ട നാലു ജീനുകള്‍ കൂടി പങ്കെടുക്കുന്നുണ്ട്; WT1, SF1, SOX9, DAX1 എന്നിവയാണത്. ജനിതകശാസ്ത്രത്തില്‍ പ്രചാരത്തിലുള്ള ചുരുക്കപ്പേരുകളാണ് ഇവ.
വൃഷണം ഉണ്ടാക്കുക, പുരുഷ ലൈംഗിക ഹോർമോൺ ആണ് ടെസ്റ്റോസ്റ്റിറോൺ നിര്‍മ്മിക്കുക എന്നിവയാണ് ഈ ജീനുകളില്‍ ആത്യന്തികമായി നടക്കുന്നത്. പുരുഷ ഹോർമോണുകളിൽ ഏറ്റവുമധികം ഉത്പാദിക്കപ്പെടുന്നത് ടെസ്റ്റോസ്റ്റിറോൺ ആണ്. ഗർഭാവസ്ഥയിൽ 7-നും 12-നും ഇടയ്ക്കുള്ള ആഴ്ചകളിൽ, ലിംഗവ്യത്യാസമില്ലാത്ത ഭ്രൂണത്തിനെ ഇത് ആൺ ശിശുവായി മാറ്റുന്നു. ഈ ഹോർമോണിന്റെ പ്രവർത്തനഫലമായി ആൺ ശിശുവിൽ പുരുഷാവയവങ്ങൾ വളരുന്നു.
ടേണേഴ്സ് സിന്‍ഡ്രോം(TURNER’S SYNDROME)
സാധാരണ ഗതിയില്‍ SRY ജീനുകള്‍ ഉണര്‍ത്തപ്പെടാത്തിടത്തോളം അഥവാ, ഗര്‍ഭസ്ഥശിശുവിന്റെ ആദ്യത്തെ നാല്പതു ദിവസങ്ങളില്‍ ഭ്രൂണം സ്ത്രീയായിട്ടാണ് വളരുക. അതായത് ഭ്രൂണത്തിന്റെ ഡീഫോള്‍ട്ട് ലിംഗം സ്ത്രീ ആയിരിക്കും. സ്ത്രൈണലൈംഗികാവയവങ്ങളുടെ വളര്‍ച്ച തടഞ്ഞുകൊണ്ടാണ് SRY ജീനും കൂട്ടരും തങ്ങളുടെ ആധിപത്യമുറപ്പാക്കുന്നത് എന്നാണ് ഇതുവരെയുള്ള ഗവേഷണങ്ങള്‍ കാണിക്കുന്നത്.
X ക്രോമസോമിന്റെ എണ്ണത്തിലെ ആധിക്യമോ കുറവോ കുട്ടിയില്‍ പൂര്‍ണമോ അപൂര്‍ണ്ണമോ ആയ സ്ത്രൈണതയുണ്ടാക്കാറുണ്ട്. ഉദാഹരണത്തിന് അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നുമായി രണ്ട് എക്സ് ക്രോമസോം വരേണ്ട ഒരു പെണ്‍കുട്ടിക്ക് ഒരു എക്സ് ക്രോമസോം മാത്രം കിട്ടുന്ന അവസ്ഥയുണ്ടാകുന്നു. ഇതൊരു ജനിതകത്തകരാര്‍ ആണ്. ജൈവികമായി സ്ത്രീയാണെങ്കിലും പ്രത്യുത്പാദനാവയവമായ അണ്ഡാശയമോ, വികസിതമോ അവികസിതമോ ആയ ഗര്‍ഭപാത്രമോ ഒക്കെ ഉണ്ടാകുമെങ്കിലും ആര്‍ത്തവമോ അണ്ഡോല്‍പ്പാദനമോ ഇല്ലാത്ത അവസ്ഥ. അല്പാല്പമായി പുരുഷ ലക്ഷണങ്ങളും പ്രകടിപ്പിക്കും; ടേണേഴ്സ് സിന്‍ഡ്രോം (turner’s syndrome) എന്നാണു ഈ രോഗം അറിയപ്പെടുന്നത്.
ക്ലൈന്‍ഫെല്‍റ്റേഴ്സ് സിന്‍ഡ്രോം (KLINEFELTER SYNDROME)
ചിലപ്പോള്‍ ജൈവികമായി ശിശു ആണായിരിക്കുമെങ്കിലും ഒരു X ഒരു Y യും കൂടാതെ ഒരു X അധികമായി ഉണ്ടാകും , അഥവാ, 47,XXy. ഈ രോഗത്തിന് XXY syndrome എന്നു തന്നെ മറ്റൊരു പേരുണ്ട് എന്നോര്‍ക്കുക! ചിലപ്പോള്‍ രണ്ടില്‍ കൂടുതല്‍ X കാണാം. XXy, XXXy, അല്ലെങ്കില്‍ XXXXy എന്നിങ്ങനെയൊക്കെ. എങ്ങനെയായാലും ഒരു Y എങ്കിലും ഉണ്ടെങ്കില്‍ ജൈവികമായി കുട്ടി ആണാണ്. അതായത് പൂര്‍ണമായി വളര്‍ച്ച പ്രാപിച്ചിട്ടില്ലാത്ത വൃഷണവും വൃഷണ സഞ്ചിയും കാണാനാവും. പക്ഷേ അധികമുള്ള X ക്രോമസോമിന്റെ സാന്നിധ്യം മൂലം ശിശുവിന് വന്ധ്യത ഉണ്ടായിരിക്കും. മാത്രമല്ല, സ്തനങ്ങള്‍ വളരുക പോലെയുള്ള ചില സ്ത്രൈണ ഭാവങ്ങളും ഉണ്ടാകും. ഈ അവസ്ഥയാണ് ക്ലൈന്‍ഫെല്‍റ്റേഴ്സ് സിന്‍ഡ്രോം എന്നു അറിയപ്പെടുന്നത്.
പൂര്‍ണ ദ്വിലിംഗാവസ്ഥ (TRUEHERMAPHRODITISM)
ലൈംഗികാവയവം നോക്കി ആണാണോ പെണ്ണാണോ എന്ന് തീരുമാനിക്കാന്‍ പറ്റാത്ത അവസ്ഥയാണ് പൂര്‍ണ ദ്വിലിംഗാവസ്ഥ. യഥാര്‍ത്ഥ ഇന്റര്‍ സെക്ഷ്വലുകള്‍ അഥവാ True hermaphrodite എന്നു വിളിക്കാവുന്ന വിഭാഗം ആണിത്.
ഈ വിഭാഗത്തെ പ്രധാനമായും രണ്ടായി തിരിക്കാവുന്നതാണ്.
1) ലിംഗം പുരുഷന്റെതോ സ്ത്രീയുടെതോ എന്ന് വേര്‍തിരിക്കാനാവില്ലെങ്കിലും ക്രോമസോം നോക്കിയാല്‍ ആണോ പെണ്ണോ എന്ന് മനസ്സിലാക്കാന്‍ പറ്റുന്നവര്‍ – ഇക്കൂട്ടരാണ് സാധാരണ ഇന്റര്‍സെക്ഷ്വലുകള്‍ എന്ന് ജൈവികമായ അര്‍ത്ഥത്തില്‍ വിളിക്കപ്പെടാറുള്ളത്. 47,XXY എന്ന ക്രോമസോം ക്രമം വരുന്ന ചില ക്ലൈന്‍ഫെല്‍റ്ററുകള്‍ ഈ ഗണത്തില്‍ വരാറുണ്ട് എന്നു വിദഗ്ദ്ധ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
2). ചിലരില്‍ രണ്ട് തരം സെക്സ് ക്രോമസോം വിന്യാസം കാണപ്പെടുന്നു. ചില കോശങ്ങളില്‍ 46XX ഉം ചില കോശങ്ങളില്‍ 46XYഉം. അല്ലെങ്കില്‍ 46XXയും 47XXYയും. ഇവരിലെല്ലാം എക്സും വൈയ്യും വിവിധവും വ്യത്യസ്തവുമായ കോമ്പിനേഷനുകളില്‍ വരുന്നതു കാരണം ലൈംഗികാവയവങ്ങള്‍ പോലും ശരിക്ക് തിരിച്ചറിയാവുന്ന രീതിയിലേക്ക് വികസിക്കുന്നില്ല.
ജൈവശാസ്‌ത്രപരമായ ഈ വിശദീകരണം നപുംസകങ്ങള്‍ അഥവാ ഹിജഡകള്‍ ഉണ്ടാകുന്നത് ജനിതക വൈകല്യം നിമിത്തമാണെന്നാണ് പറയുന്നത്.
അപര ലൈംഗികത(TRANS SEXUALITY) എന്നപ്രശ്നം
അപര ലൈംഗികത വാസ്തവത്തില്‍ ശാരീരികമായ ലൈംഗിക വ്യക്തിത്വത്തിന്‍റെ പ്രശ്നമല്ല, പ്രത്യുത മാനസിക വൈകല്യം ആണ്. ഇതിനു പല കാരണങ്ങളും പറയപ്പെടുന്നുണ്ട്. എന്നാല്‍, പുതിയ ഗവേഷണങ്ങളെല്ലാം ആന്‍ഡ്രജന്, ഈസ്ട്രജന്‍ എന്നീ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ആസ്പധമാക്കിയാണ് ഇതുണ്ടാകുന്നത് എന്നാണ് സ്ഥാപിക്കുന്നത്. ആന്‍ഡ്രജന് എന്ന ഹോര്‍മോണ്‍ മസ്തിഷ്കത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് പുരുഷനെ പുരുഷനാക്കുന്നത്. തഥൈവ, സ്ത്രീകള്‍ക്ക് സ്‌ത്രൈണത നല്‍കുന്നത് ഈസ്ട്രജന്‍ എന്ന ഹോര്‍മോണാണ്. സ്ത്രീകളില്‍ കൂടിയ അളവിലും പുരുഷന്മാരില്‍ കുറഞ്ഞ അളവിലും ഇത് കാണപ്പെടുന്നു. സ്തനഭംഗി, നിതംബഭംഗി, മൃദുലമായ ശരീരം, ചര്‍മത്തിളക്കം എന്നിവ നല്‍കുന്നതില്‍ ഈസ്ട്രജന് പ്രധാന പങ്കുണ്ട്. . ഇതിന്‍റെ അളവിലെ ഏറ്റക്കുറച്ചിലുകളാണ് ആണ്‍ ശരീരത്തിലെ പെണ്‍ മനസിനും മറിച്ചും കാരണമാകുന്നതെന്നു പഠനങ്ങള്‍ പറയുന്നു.
ഈ വിഷയത്തില്‍ നിങ്ങളുടെ കൌതുകത്തെ ഉയര്‍ത്തുന്ന ഒരു വാര്‍ത്ത നേരത്തെ എന്‍റെ ശ്രദ്ധയില്‍ പതിഞ്ഞിരുന്നത് ഞാന്‍ ഉദ്ധരിക്കാം:

ഈസ്‌ട്രജന്‍ വര്‍ധിച്ച്‌ പുരുഷന്‍ സ്‌ത്രീയാകുന്നു
ലണ്ടന്‍: പുരുഷനായി ജനിയ്‌ക്കുകയും ഭര്‍ത്താവും അച്ഛനുമാവുകയും ചെയ്‌ത ഒരാള്‍ ക്രമേണ സ്‌ത്രീയായി മാറുന്നതിനെക്കുറിച്ചൊന്ന്‌ ചിന്തിച്ചൂനോക്കൂ. വെറുതെ ചിന്തിക്കുമ്പോള്‍ ഒരു പക്ഷേ തമാശ തോന്നിയേയ്‌ക്കും. എന്നാല്‍ അറുപതുകാരനും ബാര്‍ ഗായകനുമായ ടെറി റൈറ്റ്‌ ഇത്തരമൊരു മാറ്റം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌. ‘എനിക്ക്‌ പെണ്ണാകേണ്ട എന്റെ പഴയ ജീവിതം തിരിച്ചുതരൂ….’ എന്ന്‌ ഡോക്ടര്‍മാരോട്‌ യാചിക്കുകയാണ്‌ ഈ മനുഷ്യന്‍. അഞ്ചുമക്കളുടെ പിതാവായി ടെറിയുടെ ശരീരത്തില്‍ പത്തുവര്‍ഷം മുമ്പാണ്‌ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്‌. ആദ്യം തലമുടിയും മീശയും കൊഴിഞ്ഞുപോയി. തുടര്‍ന്ന്‌ ത്വക്‌ സ്‌ത്രീകളുടേതുപോലെ മാര്‍ദ്ദവമേറിയതായിമാറാന്‍ തുടങ്ങി. ഒപ്പം മാറിടം വളരാനും തുടങ്ങി. ടെറിയിലെ മാറ്റം കണ്ട്‌ വീടിനടുത്തുള്ള കുട്ടികള്‍ ഇദ്ദേഹത്തെ ‘ഷി-മാന്‍’ എന്ന്‌ കളിയാക്കി വിളിക്കാന്‍ പോലും തുടങ്ങി. ശരീരത്തിലെ വ്യതിയാനത്തെത്തുടര്‍ന്ന്‌ ടെറി പരിഹാരം തേടി ഡോക്ടറെ സമീപിച്ചു. രക്തപരിശോധനയില്‍ ടെറിയുടെ ശരീരത്തില്‍ സ്‌ത്രീഹോര്‍മോണായ ഈസ്‌ട്രജന്റെ അളവ്‌ കൂടുതലാണെന്നാണ്‌ കണ്ടെത്തിയത്‌. ഒരു പുരുഷ ശരീരത്തില്‍ ഈസ്‌ട്രജന്റെ അളവ്‌ ഇത്ര കൂടുതല്‍ കാണുന്നത്‌ ഇതാദ്യമാണെന്നും ഇതിനെതിരെ എന്താണ്‌ ചെയ്യേണ്ടതെന്ന്‌ അറിയില്ലെന്നുമാണ്‌ ഡോക്ടര്‍മാര്‍ പറയുന്നത്‌. ‘ഡോക്ടര്‍മാര്‍ എന്റെ പ്രശ്‌നത്തെ താല്‍പര്യമുള്ള ഒരു കേസായാണ്‌ കാണുന്നത്‌. ഇത്‌ മറ്റാരിലും ഇതേവരെ കണ്ടിട്ടില്ലെന്നും അവര്‍ പറയുന്നു. പക്ഷേ എനിക്ക്‌ പഴയ ഞാനായാല്‍ മതി. ഇപ്പോള്‍ എല്ലാവരും എന്നെ സ്‌ത്രീയായാണ്‌ പരിഗണിക്കുന്നത്‌ അതെനിക്ക്‌ സഹിക്കാന്‍ വയ്യ’- ടെറി പറയുന്നു.
copied from: വണ്‍ഇന്ത്യ, മലയാളം

ഹോര്‍മോണിന്റെ അളവിലുള്ള വ്യതിയാനമല്ല, മസ്തിഷ്ക കോശങ്ങള്‍ അവയെ സ്വീകരിക്കുന്നതിന്റെ അളവിലാണ് പ്രശ്നമെന്നാണ് വേറെ ചില പഠനങ്ങള്‍ സ്ഥാപിക്കുന്നത്. അതായത് മസ്തിഷ്കത്തിലെ ഈ ഹോര്‍മോണുകളെ തിരിച്ചറിയുന്ന കോശസ്വീകരിണികള്‍ ജന്മനാ നഷ്ടപ്പെടുന്ന അവസ്ഥയാകാം ട്രാന്‍സ്സെക്ഷ്വാലിറ്റിക്ക് കാരണം എന്നാണു ഇക്കൂട്ടര്‍ പറയുന്നത്. ആത്യന്തികമായി ജീനുകളിലെ പ്രശ്നങ്ങള്‍ തന്നെയാണ് കാരണമെന്നര്‍ത്ഥം. ചുരുക്കത്തില്‍, ട്രാന്‍സ്സെക്ഷ്വാലിറ്റിയും ഒരു ജനിതക വൈകല്യമാണ്.

ഹിപ്പോത്തലാമസ് ഗ്രന്ധിയും ലിംഗനിര്‍ണ്ണയവും
മനുഷ്യ മസ്തിഷ്കത്തിലെ ഹിപ്പോത്തലാമസ്‌ എന്ന ഗ്രന്‌ഥി ലിംഗ നിര്‍ണ്ണയത്തില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട് എന്ന്‌ വളരെയടുത്ത കാലത്തു നടത്തിയ ചില പരീക്ഷണങ്ങളിലൂടെ കണ്ടെത്തിരുന്നു. പുരുഷ മസ്തിഷ്കത്തിലെ ഹിപ്പോത്തലാമസിലെ ന്യൂറോണുകള്‍ സ്‌ത്രീകളുടേതിനേക്കാള്‍ 44% കൂടുതലായിരിക്കുമാത്രേ. ഹിപ്പോത്തലാമസിനെ ഒരു നിര്‍ണ്ണായകഘടകമായി ഇതഃപര്യന്തം പരിഗണിക്കപ്പെട്ടില്ലായിരുന്നുവെങ്കിലും ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നത് ഹിപ്പോത്തലാമസിനു ലിംഗനിര്‍ണ്ണയത്തില്‍ നിര്‍ണ്ണായകമായ സ്വാധീനമുണ്ടെന്നാണ്. സ്വവര്‍ഗ ഭോഗതത്പരരിലും നപുംസകങ്ങളിലും നടത്തിയ പരീക്ഷണങ്ങളില്‍ ഹിപ്പോത്തലാമസ്‌ പുരുഷന്‍മാരുടേതിനേക്കാള്‍ ഇവരില്‍ കുറഞ്ഞിരിക്കുന്നതായാണ്‌ കണ്ടെത്തിയത്. ആയതിനാല്‍ സ്വവര്‍ഗ്ഗരതിയും, മൂന്നാം ലിംഗവുമൊക്കെ തികച്ചും‌ മറ്റുള്ളവയേപ്പോലെ ഒരു ജനിതകവൈകല്യമാണെന്നാണ് ഈ പഠനവും തെളിയിച്ചിരിക്കുന്നത്.
ചുരുക്കത്തില്‍ ആണും പെണ്ണും ഉണ്ട്; മൂന്നാം ലിംഗം എന്ന ഒരു വിഭാഗം തന്നെയില്ല. ഉണ്ടെന്ന രീതിയില്‍ കൊട്ടിഘോഷിക്കപ്പെടുന്നത് ചിലര്‍ക്കുള്ള നപുംസകത്വത്തെ പറ്റിയാണെന്നു മറക്കാതിരിക്കുക.
നപുംസകങ്ങളും ഇസ്‌ലാമും
ഇസ്‌ലാം നപുംസകങ്ങളെ അവഗണിച്ചു എന്നു പറയുന്നത് ശുദ്ധ അജ്ഞതയാണ്. നൂറ്റാണ്ടുകളായി മുസ്ലിം സമൂഹം കൈകാര്യം ചെയ്തുപോരുന്ന കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലെല്ലാം “കിതാബുല്‍ ഖുന്‍സാ” – നപുംസകങ്ങള്‍ എന്ന ഒരു ഭാഗം തന്നെയുണ്ട്. ചിലര്‍ തദ്വിഷയകമായ സ്വതന്ത്രരചനകള്‍ തന്നെ നിര്‍വഹിച്ചിട്ടുണ്ട്. ശാഫിഈ കര്‍മശാസ്ത്ര വിശാരധനായിരുന്ന അശ്ശൈഖ് ജമാലുദ്ധീന്‍ ഇസ്നവി(റ)യുടെ كتاب ايضاح المشكل فى أحكام الخنثى المشكل “കിതാബു ഈളാഹില്‍ മുശ്കില്‍ ഫീ അഹ്കാമില്‍ ഖുന്‍സല്‍ മുശ്കില്‍ ഒരു ഉദാഹരണം ആണ്. മലയാളത്തിലും ഇത് സംബന്ധമായ വിശദപഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്‍റെ ഗുരുനാഥന്‍ ബഹു. ഒളവട്ടൂര്‍ അബ്ദുന്നാസ്വിര്‍ അഹ്സനി എഴുതിയ നപുംസകങ്ങളുടെ മതവും ശാസ്ത്രവും ഒരു മികച്ച പഠനമാണ്. സഅദിയ്യയുടെ 2014ലെ സമ്മേളന ഉപഹാരമായ ജ്ഞാനകത്തില്‍ അത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നപുംസകത്വം ഒരു ലൈംഗിക വൈകല്യമാണെന്നു നാം പറഞ്ഞുവല്ലോ. ലൈംഗികഘടനയ്‌ക്ക്‌ അപൂര്‍ണതയോ വൈകല്യമോ സംഭവിക്കുന്നത് മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ചിലരില്‍ പുരുഷത്വം അപൂര്‍ണരൂപത്തിലുണ്ടാകും. ചിലരില്‍ സ്‌ത്രീത്വം അപൂര്‍ണ രൂപത്തിലുണ്ടാകും. മതവിധികളുടെ കാര്യത്തില്‍, പുരുഷഭാവം മുന്നിട്ടു നില്‌ക്കുന്നവരെ പുരുഷന്മാരായും സ്‌ത്രൈണ ഭാവം മുന്നിട്ടു നില്‌ക്കുന്നവരെ സ്‌ത്രീകളായും പരിഗണിക്കണമെന്ന്‌ കര്‍മ ശാസ്ത്ര പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വവര്‍ഗരതി പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കും ഒരുപോലെ നിഷിദ്ധമായതിനാല്‍ നുപുംസകങ്ങള്‍ക്കും അത്‌ നിഷിദ്ധം തന്നെയാണ്‌.

Sajeer Bukhari

ഉപകാരപ്രദമായ ഈ അറിവ് മറ്റ് സഹോദരങ്ങളിലേക്കും ഷെയർ ചെയ്യുക

Leave a Comment